നമുക്ക് അല്ലാഹു മതി വിശ്വാസിയുടെ ആത്യാന്തികാഭയം അവനിലത്രെ

ആരും കൂട്ടിനില്ലാത്ത ഏകാന്ത വാസം നയിക്കുന്ന കാലത്തു حسبنا الله ونعم الوكيل എന്ന ഖുർആനിക സൂക്തമായിരുന്നു തന്റെ ഏക ആശ്വാസമെന്നു ബദീഉസ്സമാൻ സഈദ് നൂർസി (റ ) രേഖപ്പെടുത്തുന്നതായി കാണാം . അക്കാലത്ത് ഈ ആയത്ത് ഉസ്താദിനു പകർന്നു നൽകിയ ആശ്വാസം അനർവചനീയമാണ് . ഉസ്താദിന്റെ ഈ അനുഭവം നമുക്ക് പകർന്നു നൽകുന്ന പാഠമെന്താണ് ?. ..അതു പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള ധിഷണയൊന്നും ഈ വിനീതനില്ല എങ്കിലും ഉസ്താദിന്റെ ഈ അനുഭവം മനസിലാക്കിയ ശേഷം ഈ സൂക്തം حسبنا الله ونعم الوكيل ഉരവിടാതെ ഒരു സുജൂദും എന്നിൽ കഴിഞ്ഞ് പോയിട്ടില്ല . ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സൂക്തമാണിത്.

ഒരു മനുഷ്യൻ സ്വന്തം ജീവൻ വരെ നഷ്ടമായേക്കും എന്നു ഭയക്കുന്ന സന്ദർഭങ്ങളിലും പരിഹാരമേതുമില്ലാതെ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴുo ഒരു സഹായ ഹസ്തവുമായി വരാൻ ഈ ഖുർആനിക വാക്യത്തിന് കഴി യുമെന്ന് തീർച്ചയാണ് .

أمن يجيب المضطر إذا دعاه ويكشف السوء എന്ന ഖുർആനിക വചനമില്ലേ? ഈ ആയതിൽ വിവരിക്കുന്ന തരത്തിലുള്ള പ്രതിസന്ധികൾ അഭിമുഗീകരിക്കുമ്പോൾ വരെ സത്യവിശാസികൾക്കു حسبنا الله ونعم الوكيل എന്ന മഹിത സൂക്തം തുണയായി വരും.

പ്രതിസന്ധികളാണല്ലോ മനുഷ്യരെ സൃഷ്ടാവായ അള്ളാഹു വിങ്കലേക്ക് അടുപ്പിക്കുന്നത്. ഏതു നിരീശ്വരവാദിയും അവിശ്വാസിയും പ്രയാസങ്ങളിൽ പെട്ട് ഉഴറുമ്പോൾ നാഥനായ അല്ലാഹുവിനെ ഓർത്തുപോകും, അതേ സമയം ആ പ്രശ്നങ്ങളിൽ നിന്നും ഒന്നു കരകയറിയാൽ സൃഷ്ടാവിനെ മറന്ന് നന്ദികേടു ആവർത്തിക്കുകയും ചെയ്യും.

കടൽ ക്ഷോഭങ്ങളും ഭൂചലങ്ങളും സംഭവിച്ചാൽ പാപികളായ ജനങ്ങൾ അല്ലാഹുവിനെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്നത് കണ്ടിട്ടില്ലേ ? എന്നാൽ ഇവർ തന്നെ ഈ പ്രതിസന്ധികൾ ഒന്നു തരണം ചെയ്തു കഴിഞ്ഞാൽ എത്ര പെട്ടെന്നാണ് അല്ലാഹുവിൻെ ഓർമ്മകളിൽ നിന്നും കുതറി മാറുന്നത് ?

മനുഷ്യരുടെ ഈ അവസ്ഥാന്തരം വിവിധയിടങ്ങളിൽ പല രീതികളിലായി ഖുർആൻ വിവരിക്കുന്നുണ്ട്. കാര്യകാരണങ്ങൾ പൂർണ്ണമായി നശിച്ചു പോയപ്പോൾ തൗഹീദിൽ അടങ്ങിയിരിക്കുന്ന ഈ ഏകത്വ രഹസ്യങ്ങൾ യൂനുസ് നബി (എ ) മനസിലാക്കിയത് പോലെ നാമും മനസിലാക്കേണ്ടതുണ്ട് . رب أني مسني الضر وأنت أرحم الراحمين / أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ربഎന്നു പറഞ്ഞ അയ്യൂബ് നബി (അ ) ഉൾകൊണ്ട പോലെ, رب اني ظلمت نفسي فاغفرلي എന്ന് പറഞ്ഞ മൂസ നബി (അ ) അറിഞ്ഞ പോലെ, ربنا ظلمنا انفسنا وان لم تغفرلنا وترحمنا لنكونن من الخاسرين എന്ന് പറഞ്ഞ് ആദം നബി (അ) മനസ്സിലാക്കിതു പോലെ, ഈ വിഷയം നാം ഗ്രഹിക്കേണ്ടതുണ്ട്.

 

ഈ പ്രവാചകന്മാരെല്ലാം നാഥന്റെ സഹായത്തിന്റെ അപാരത മനസിലാക്കുന്നത് ഭൂമുഖത്തെ വാതിലുകളും അവർക്കു മുൻപിൽ കൊട്ടിയടക്കേപ്പെട്ടപ്പോഴാണ് . അത്തരം സന്ദർഭങ്ങളിൽ നമ്മളും, നമുക്ക് അല്ലാഹുവും മാത്രമാകുന്നു. പ്രാർത്ഥനകൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ എത്തുന്നു .

ജനങ്ങൾ മഴ ലഭിക്കാതെ വരൾച്ച നേടുന്ന സന്ദർഭത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക, സമുദ്രങ്ങളിൽ ജല ബാഷ്പീകരണം മുറക്ക് സംഭവിക്കുന്നു, ആകാശത്തു കാർമേഘങ്ങൾ കുമിഞ്ഞു കൂടുന്നു എങ്കിലും മഴ വാർഷിക്കാത്ത സന്ദർഭങ്ങൾ ഉണ്ടാവാറില്ലേ ?... എന്താണ് അതിനു കാരണം?. സൃഷ്ടികൾ ഉള്ള് തട്ടി കൈകൾ ഉയർത്തി പ്രാർത്തിക്കേണ്ട വിധം മഴ ക്ക് വേണ്ടി പ്രാർത്തിക്കുന്നില്ല. നാമം മാത്രമായ പ്രാർത്ഥന സംഗമങ്ങൾ സംഘടിപ്പിച്ചത് കൊണ്ട് മഴ ലഭിക്കണമെന്നില്ല അത് വർഷിക്കണമെങ്കിൽ അതിന്റെയും നമ്മുടെയും സൃഷ്ടാവായ അല്ലാഹുവിനെ കരഞ്ഞു വിളിക്കുക തന്നെ ചെയ്യണം, ആത്മാർഥമായി പാശ്ചാത്താപിക്കണം, മഴ തേടിയുള്ള നിസ്കാരം നിർവഹിക്കണം .

حسبنا الله ونعم الوكيل എന്ന സൂക്തത്തിന്റെ വിശാലമായ അർത്ഥതലങ്ങളിലേക്കാണ് നമ്മൾ വീണ്ടും തിരിച്ചെത്തുന്നത് . അതെ നമുക്ക് അള്ളാഹു മതി , ഭരമേല്പിക്കപ്പെടുന്നവരിൽ ഏറ്റവും അർഹൻ അവൻ തന്നെയാണ് .

ഈ സൂക്തത്തിൽ നിന്നും കരുത്താർജ്ജിച്ചു കൊണ്ടാണു ഉസ്താദ് ബദീഉസ്സമാൻ സഈദ് നൂർസി (റ ) ഇസ്ലാമിക പ്രബോധനവുമായി മുന്നോട്ടു പോയത്. അദ്ദേഹം അഭിമുഗീകരിച്ച പ്രയാസങ്ങൾ നിരവധിയാണ് അവയിൽ പല പ്രശനങ്ങൾ നമ്മൾ എന്നും നേരിട്ട് കൊണ്ടിരിക്കുന്നുണ്ട് .സത്യ മാർഗത്തിൽ മുന്നോട്ട് ഗമിക്കുമ്പോൾ നമുക്ക് ശതൃക്കൾ ഒരുപാട് ഒരുപാട് ഉണ്ടായേക്കാം... പക്ഷെ നാം അവരോട് ദേഷ്യപ്പെടരുത് ,പ്രതിരോധിക്കാം പക്ഷെ അക്രമം അരുത്. ഏതു സാന്നിധ്യ ഘട്ടങ്ങളിലും നെഞ്ചുറപ്പോടെ തലയുയർത്തി നിൽക്കേണ്ടവരാണ് സത്യാ മാർഗത്തിൽ തിരിച്ചവർ .

നിങ്ങൾ കണ്ടിട്ടില്ലേ..? ചില മരങ്ങൾ ഏതു കൊടുങ്കാറ്റിലും കടപ്പുഴകാതെ തലയുയർത്തി നിൽക്കുന്നത് . ഇതു പറയുംപോഴാണ് ഞാൻ തുർക്കിയിലെ മരങ്ങളെ കുറിച്ച് ഓർക്കുന്നത് .

താഴ്വേര് ഭൂമിയിൽ ആഴ്ന്നിറങ്ങിയ അവകൾ കടപ്പുഴകി വീഴുന്ന കാഴ്ച വളരെ അപൂർവമായേ കാണാറുള്ളൂ ... വെള്ളവും വളവും ആവോളം ലഭിക്കുന്ന ഈ വന്മരങ്ങളെ വീഴ്ത്താൻ ഏതു കൊടുങ്കാറ്റിനും കഴഞ്ഞന്നു വരില്ല. ഈ മരങ്ങളാകട്ടെ നമ്മുടെ മാതൃക.

ഈ വൃക്ഷങ്ങളുടേതന്ന പോലെ നമ്മുടെ വിശ്വസവും വേരുറച്ചാൽ ഒരു പേമാരിക്കും ഒരു ചുഴലിക്കാറ്റിനും നമ്മെ തള്ളിയിടാൻ സാധ്യമാകില്ല .

ഒരു മഹത് വചനം ഞാൻ ഓർത്തു പോവുകയാണ് " നീ സൃഷ്ടാവിന്റെ കോപം ഭയക്കുന്നുണ്ടെങ്കിൽ അവന്റെ കല്പനകൾ പാലിക്കുക, കൊടുങ്കാറ്റിൽ കടപ്പുസാകാതിരിക്കാൻ വൃക്ഷങ്ങൾ തങ്ങളുടെ വേരുകൾ ഭൂമിയുടെ മാറിടത്തിലേക്ക് പൂഴ്ത്തി വെക്കുന്നത് പോലെ”.

ഉസ്താദ് ബദീഉസ്സമാൻ സഈദ് നൂർസി (റ ) ജീവിതം ഇത്തരുണത്തിൽ വലിയ മാതൃകകൾ തീർത്താണ് കഴിഞ്ഞു പോയത്. വലിയ വെല്ലുവിളികൾക്ക് മുന്നിൽ ലവലേശം പതറാതെ എത്ര ദൃഡചിത്തരായാണ് അദ്ദേഹം നില കൊള്ളുന്നത് . തന്റെ ശത്രുക്കളോടു പോലും സ്നേഹത്തോടെ പെരുമാറുകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ അചഞ്ചല വിശ്വാസമായിരുന്നു . അവരുടെ ശത്രുത തന്നോടല്ലെന്നും താൻ പ്രധിനിധാനം ചെയ്യുന്ന ദർശനത്തോടാണെന്നുമുള്ള തിരിച്ചറിവായിരുന്നു അദ്ദേഹത്തെ എതിരാളികളെ വരെ സ്നേഹിക്കുവാൻ പ്രേരിപ്പിച്ചത് . അതുകൊണ്ടു തന്നെയാണ് പ്രതികാരം ചെയ്യേണ്ട ഘട്ടങ്ങളിൽ പോലും " ഞാൻ നിങ്ങളുടെ അപരാദങ്ങൾ നിരുപാധികം പൊറുത്തു തന്നിരിക്കുന്നു" എന്ന് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

കാറ്റിൽ അലക്ഷ്യമായി പറന്നകലുന്ന കരിയിലകൾക്കെല്ലാം വൃക്ഷ ശിഖരങ്ങളിൽ കൊടുങ്കാറ്റിനോട് മല്ലിട്ട് നിൽക്കുന്ന പച്ചിയിലകളാവാൻ ഭാഗ്യമുണ്ടാവട്ടേ ....

അല്ലാഹുവേ ഞങ്ങളുടെ ഈമാനും ഇസ്ലാമും നീ ദൃഡമാക്കണമേ... നന്മയും ആത്മാർത്ഥയും ഞങ്ങളുടെ ഹൃദ്യങ്ങളിൽ നീ നിറയ്ക്കണമേ... സന്മാർഗവും സത്യസന്ധതയും എന്നും ഞങ്ങളുടെ വഴികാട്ടിയാവണമേ ...

അല്ലാഹുവേ നിന്നെയും നിന്റെ പ്രിയപ്പെട്ട പ്രവാചകനെയും നേരിൽ കാണാനുള്ള സൗഭാഗ്യം പ്രദാനം ചെയ്യണമേ ... ഈ പ്രാർത്ഥന നടത്തുമ്പോൾ കലാകാലവും ഈ ഭാഗ്യമുണ്ടാകട്ടേ… (أبد الأبدين دهر الداهرين)എന്ന് കൂടി ഇമാം റംസാൻ പ്രാര്തിച്ചിരുന്നത് ഈ അവസരത്തിൽ സ്മരിക്കുന്നു .

ആർജിച്ചെടുത്ത വിശ്വാസങ്ങൾക്കപ്പുറം പാതിന്മടങ്ങ് സൃഷ്ടാവിൽ നിന്ന് തേടേണ്ടതും നേടിയെടുക്കേണ്ടതുമുണ്ട് ,അതിനായി ഷ്രടാവിന്റെ കല്പനകൾ മുറുകെ പിടിച്ച്മുന്നേറണം. നാവു കൊണ്ട് حسبنا الله ونعم الوكيل എന്ന് പറയുന്നതിലപ്പുറം മനസ് കൊണ്ട് അതുൾകൊള്ളുക എന്നതാണ് ഏറ്റം പ്രധാനം.

പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ആ പ്രപഞ്ചത്തിൽ ഞാൻ അടക്കമുള്ള എല്ലാ വസ്തുക്കളെയും വീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ സൃഷ്ടവാണ് ഭരമേല്പിക്കപ്പെടാൻ ഏറ്റവും അർഹൻ, അതിനാൽ ഞാൻ എന്റെ കാര്യങ്ങളെല്ലാം അവനെ ഏല്പിക്കുന്നു.

حسبي الله لااله الا هو عليه توكلت وهو رب العرش العظيمഅല്ലാഹുവേ നിന്റെ സഹായം എന്നെന്നും നമ്മങ്ങളിൽ ഉണ്ടാവണമേ, സത്യമാർഗത്തിലെന്നും നമ്മളെ നിലനിർത്തണമേ .....ആമീൻ

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.